കോഴിക്കോട്∙ ആയുഷ് വകുപ്പിനു കീഴിലുള്ള വെൽനെസ് സെന്ററുകളിൽ യോഗ പരിശീലകരാകാൻ യോഗ്യത സിപിഎം നിയന്ത്രണത്തിലുള്ള സംഘടന നടത്തുന്ന ഡിപ്ലോമ കോഴ്സ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ ഭാരവാഹികളായ യോഗ അസോസിയേഷൻ ഓഫ് കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ചേർന്നു സംഘടിപ്പിക്കുന്ന ഡിപ്ലോമ കോഴ്സാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ ഇൻസ്ട്രക്ടർക്കുള്ള യോഗ്യതയായി സർക്കാർ നിശ്ചയിച്ചത്. യോഗ അസോസിയേഷൻ നൽകിയ കത്തു പരിഗണിച്ചാണ് തീരുമാനം. യോഗയിൽ സർവകലാശാല അംഗീകരിച്ച ബിരുദം, പിജി, എംഫിൽ, പിജി ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ആയിരുന്നു നേരത്തേ ഇൻസ്ട്രക്ടർമാരുടെ യോഗ്യത. ഇതിനൊപ്പമാണ് പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള യോഗ അസോസിയേഷന്റെ ഡിപ്ലോമ കൂടി ഉൾപ്പെടുത്തിയത്.
നേരത്തേ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ യോഗ അസോസിയേഷൻ നടത്തിയ ഡിപ്ലോമ കോഴ്സ് തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും യോഗ പരിശീലകരാവാനുള്ള യോഗ്യതയായി നിശ്ചയിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ചേർന്നു യോഗ അസോസിയേഷൻ ഡിപ്ലോമ കോഴ്സ് ആരംഭിച്ചത്. ഒരു വർഷത്തെ കോഴ്സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും യോഗയിൽ പ്രാവീണ്യമുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് യോഗ്യത എസ്എസ്എൽസി മതി. നേരത്തേ പൊലീസുകാരെ യോഗ പഠിപ്പിക്കാനുള്ള ചുമതലയും യോഗ അസോസിയേഷന് സർക്കാർ നൽകിയിരുന്നു.