ന്യൂഡൽഹി : അലോപ്പതി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന യോഗാഗുരു ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി രാംദേവിനെതിരെ തിരിഞ്ഞത്.
‘‘എന്തിനാണു ബാബാ രാംദേവ് അലോപ്പതി ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത്? അദ്ദേഹം യോഗയെ ജനപ്രിയമാക്കി, നല്ല കാര്യം. പക്ഷേ, അദ്ദേഹം മറ്റു സംവിധാനങ്ങളെ വിമർശിക്കരുതായിരുന്നു. അദ്ദേഹം പിന്തുടരുന്ന മാർഗ്ഗത്തിൽ എല്ലാ അസുഖങ്ങളും മാറുമെന്നതിന് എന്ത് ഉറപ്പാണുള്ളത്?’’– ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. അലോപ്പതി മരുന്നുകൾക്കും ഡോക്ടർമാർക്കും കോവിഡ് വാക്സിനേഷനും എതിരെയുള്ള പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐഎംഎ ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി നോട്ടിസ് അയച്ചു. കഴിഞ്ഞ വർഷം കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തപ്പോൾ, അലോപ്പതിക്കെതിരെ സംസാരിക്കുന്ന ബാബാ രാംദേവിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ‘അലോപ്പതി മരുന്നുകൾ മൂലമാണു ലക്ഷക്കണക്കിനു ആളുകൾ മരിക്കുന്നത്. രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചു ഡോക്ടർമാർ ഇന്ത്യയിൽ മരിച്ചു’ എന്നായിരുന്നു രാംദേവിന്റെ വാക്കുകൾ.