മുംബൈ∙ വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന വിവാദ പരാമർശവുമായി യോഗ ഗുരു ബാബ രാംദേവ്. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാംപിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. ‘‘സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. എന്റെ കണ്ണിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത്’’– എന്നായിരുന്നു പരാമർശം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു. ഇവരുടെ മുൻപിൽ വച്ചാണ് രാം ദേവ് പരാമർശം നടത്തിയത്. അമൃത ഫഡ്‌നാവിസിന്റെ ആരോഗ്യകരമായ ജീവിത ശൈലിയെയും രാംദേവ് പ്രശംസിച്ചു. ‘‘എപ്പോഴും ചെറുപ്പമായിരിക്കാൻ ഇവർ ഏറെ ശ്രദ്ധിക്കുന്നു. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇങ്ങനെ ചെറുപ്പമായി തുടരുമെന്നാണ് എന്റെ വിശ്വാസം’’– രാംദേവ് പറഞ്ഞു.
പരാമർശം വിവാദമായതിനു പിന്നാലെ രാംദേവിനെതിരെ വിമർശനവും ഉയർന്നു. ‘‘സ്ത്രീകൾക്കെതിരായ വിവാദ പ്രസ്താവനയെയും അപകീർത്തികരമായ വീക്ഷണങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. രാംദേവിന്റെ പ്രസ്‌താവനയിലൂടെ അദ്ദേഹത്തിന്റെ യഥാർഥ മനോഭാവം വെളിപ്പെട്ടിരിക്കുകയാണ്’’– കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു.
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളും വിമർശനവുമായി രംഗത്തെത്തി. ‘‘മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽ വച്ച് സ്ത്രീകളെ കുറിച്ച് രാംദേവ് നടത്തിയ പരാമർശം അസഭ്യവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിക്കുന്നതാണ്. ബാബാ രാംദേവ് രാജ്യത്തോട് മാപ്പ് പറയണം’’– രാംദേവിന്റെ അഭിപ്രായ പ്രകടനത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.