ന്യൂഡൽഹി∙ ഒബിസി വിഭാഗക്കാർക്ക് നഗരസഭാ തിരഞ്ഞെടുപ്പുകളിൽ സംവരണം ഉറപ്പുവരുത്താതെ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. ഉത്തർപ്രദേശിലെ നഗരസഭകളിലേക്കും കോർപറേഷനുകളിലേക്കും ഈ മാസമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. അലഹബാദ് ഹൈക്കോടതി വിധി മരവിപ്പിച്ചതോടെ യോഗി ആദിത്യനാഥ് സർക്കാരിന് ആശ്വാസമായി.
ഒബിസി വിഭാഗത്തിലെ ആളുകളുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് മാർച്ച് 31നു മുൻപായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പിന്നാക്ക വിഭാഗം കമ്മിഷനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ കമ്മിഷനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഒബിസി വിഭാഗത്തിനു സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ ഡിസംബറിലാണ് ഹൈക്കോടതി തടഞ്ഞത്. ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 17 കോർപറേഷൻ മേയർ, 200 മുനിസിപ്പൽ ചെയർപഴ്സൻ, 545 നഗര പഞ്ചായത്ത് ചെയർപഴ്സൻ എന്നിവിടങ്ങളിലേക്കാണു സംവരണം ഏർപ്പെടുത്തുന്നത്. സുപ്രീം കോടതിയുടെ നിർേദശാനുസരണം സർവേ നടത്തി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗക്കാർക്കു സംവരണം ഏർപ്പെടുത്തുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. സർവേ പൂർത്തിയാക്കി സംവരണം ഏർപ്പെടുത്താതെ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.