ന്യൂഡൽഹി : ഉത്തർപ്രദേശിലെ നോയിഡയിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന 500 കോടിയുടെ ഭക്ഷ്യ സംസ്കരണ പാർക്കിനു ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്കു യുപി സർക്കാർ കൈമാറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ ഗ്രേറ്റർ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷൺ ആണ് ഉത്തരവു കൈമാറിയത്. പാർക്കിന്റെ മാതൃക മുഖ്യമന്ത്രി അനാവരണം ചെയ്തു. 20,000 ടൺ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനും ലോകത്തുടനീളമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിലൂടെ വിതരണം ചെയ്യാനുമാണു ലക്ഷ്യമിടുന്നത്. 8 മാസത്തിനകം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്നു നേരിട്ട് ഉൽപന്നങ്ങൾ സ്വീകരിക്കും.
പാർക്കിന്റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേർക്ക് നേരിട്ടും 1500 ലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ഫെയർ എക്സ്പോർട്സ് സിഇഒ നജിമുദ്ദീൻ, ലുലു ലക്നൗ റീജനൽ ഡയറക്ടർ ജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു. 2000 കോടി ചെലവഴിച്ച് ലക്നൗ നഗരത്തിൽ ആരംഭിക്കുന്ന ലുലു മാൾ 2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്യുമെന്ന് എം.എ. യൂസഫലി അറിയിച്ചു. അമർ ഷഹീദ് റോഡിലെ മാളിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 22 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. 11 സ്ക്രീൻ തിയറ്റർ, എന്റർടെയ്ൻമെന്റ് സെന്റർ, റെസ്റ്ററന്റുകൾ, 3000 ലേറെ വാഹനങ്ങൾക്കുള്ള പാർക്കിങ് തുടങ്ങി രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളുണ്ട്. കോവിഡ് കാരണം ഒരു വർഷത്തോളം നിർമാണജോലി തടസ്സപ്പെട്ടിരുന്നു.