ഇന്ന് ഏപ്രില്‍ 7, ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിവസമാണിന്ന്. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ നിന്ന് ഇനിയും മോചിക്കപ്പെട്ടിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകള്‍ ആളുകള്‍ക്കിടയിലുണ്ട്.
പ്രത്യേകിച്ച് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ കൂടുകയും അതിനൊപ്പം തന്നെ പനി കേസുകളില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്യുന്ന അവസരത്തില്‍. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ അതോടൊപ്പം ചില ടിപ്സ് – ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
വ്യായാമം പതിവാക്കലാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവുമാദ്യം ചെയ്യേണ്ടത്. വ്യായാമത്തിനായി ഓരോരുത്തരും അവരവരുടെ പ്രായവും ആരോഗ്യാവസ്ഥയും അനുസരിച്ചുള്ള രീതികളാണ് തെരഞ്ഞെടുക്കേണ്ടത്. എന്തായാലും വ്യായാമം നിര്‍ബന്ധമായ ഒരു ചര്യ തന്നെയാണ്.
രണ്ട്…
ആരോഗ്യകരമായ ഭക്ഷണരീതിയാണ് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള മറ്റൊരു മാര്‍ഗം. സമയത്തിന് ഭക്ഷണം അതും ‘ബാലൻസ്ഡ്’ ആയ രീതിയില്‍ അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം ഉറപ്പുവരുത്തിയിട്ടുള്ളതാണ് തെരഞ്ഞെടുക്കേണ്ടത്. ഇത് എല്ലാ ദിവസവും അതുപോലെ തുടരുകയും വേണം. പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി- മീൻ, മുട്ട, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഭക്ഷണങ്ങള്‍ ‘ബാലൻസ്’ ചെ്ത് ഡയറ്റ് ക്രമീകരിക്കുകയാണ് വേണ്ടത്.
മൂന്ന്…
ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുക, ജോലികളേതും ചെയ്യാതെ ഇരിക്കുക എന്നിങ്ങനെയുള്ള ശീലങ്ങളെല്ലാം ആരോഗ്യത്തെ മോശമായി ബാധിക്കുന്നതാണ്. അതുകൊണ്ട് കഴിവതും ശരീരം ‘ആക്ടീവ്’ ആക്കി നിര്‍ത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ഒരു ഫോണ്‍ ചെയ്യുകയാണെന്ന് കരുതുക. ഈ സമയം ഒരു നടത്തം ആവാം. അങ്ങനെ ചെറിയ രീതിയിലെങ്കിലും ശരീരം അനക്കുന്നത് ഏറെ നല്ലതാണ്.
നാല്…
മിക്കവരും ചെയ്യാൻ മടിക്കുന്നൊരു കാര്യമാണിനി പങ്കുവയ്ക്കാനുള്ളത്. മറ്റൊന്നുമല്ല, കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനെ കുറിച്ചാണ് പറയുന്നത്. ആരോഗ്യം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, മറ്റ് അസുഖങ്ങളേതുമില്ലെന്നുമെല്ലാം ഉറപ്പിക്കാൻ മെഡിക്കല്‍ ചെക്കപ്പുകള്‍ സഹായിക്കും.
അഞ്ച്…
നിത്യജീവിതത്തില്‍ യാതൊരു തരത്തിലും ബാധിക്കപ്പെടാൻ പാടില്ലാത്തൊരു സംഗതിയുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അവശ്യം വേണ്ട ഒരു ഘടകവും ഇതുതന്നെ. മറ്റൊന്നുമല്ല രാത്രിയിലെ ഉറക്കത്തെ കുറിച്ചാണ് പറയുന്നത്. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ തുടര്‍ച്ചയായി ഉറങ്ങണം. അതും ഇടയ്ക്ക് തടസങ്ങളുണ്ടാകാതെയും ഉണരാതെയും. ഇക്കാര്യവും നിത്യവും ഉറപ്പുവരുത്തണം. കാരണം ഉറക്കം ബാധിക്കപ്പെട്ടാല്‍ അത് ആരോഗ്യത്തെ പല രീതിയിലാണ് ബാധിക്കുക. ക്രമേണ പല അസുഖങ്ങളും ഇതുമൂലം ഉണ്ടാകാം.
ആറ്…
ശാരീരികാരോഗ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ അത്ര തന്നെ പ്രാധാന്യം മാനസികാരോഗ്യത്തെ കുറിച്ചും പറയേണ്ടതുണ്ട്. കാരണം ഇതും ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഘടകം തന്നെ. ജീവിക്കുന്ന ചുറ്റുപാടുകള്‍ – അത് ജോലിസ്ഥലമായാലും വീടായാലും എല്ലാം പോസിറ്റീവായി നിലനിര്‍ത്താൻ ശ്രദ്ധിക്കണം. കാരണം ചുറ്റുപാടുകള്‍ അനുകൂലമാകുമ്പോള്‍ അത് മനസിന് സന്തോഷവും ശാന്തതയുമേകുന്ന ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നു. ഇതോടെ മാനസികാരോഗ്യം കുറെക്കൂടി മെച്ചപ്പെടുന്നു.