കൊച്ചി : ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. ആലുവ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. സംരക്ഷണചുമതലയുള്ള അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ മാസം 23 ന് മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛൻ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് കണ്ടെത്തിയത്. വിവിധ ജില്ലകളിൽ മാറി മാറി താമസിക്കുകയായിരുന്ന ഇരുവരും കോട്ടയത്ത് നിന്നാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് ജനുവരിയിൽ ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പോലീസ് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. .യുവതിയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.