തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ തന്നെ ഔദ്യോഗിക വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്. കഴിഞ്ഞ ദിവസം കൊല്ലം ഓയൂർ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊലൂഷ്യൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ അൽത്താഫ് എന്ന യുവാവിന്റെ വാഹനത്തിന് മോട്ടർ വാഹന വകുപ്പ് 5000 രൂപ പിഴയിട്ടു. തുടർന്നായിരുന്നു യുവാവിന്റെ പോരാട്ടം. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ഓൺലൈനിൽ അൽത്താഫും പരിശോധിച്ചു. ഇല്ല എന്ന് കണ്ടെത്തിയതോടെ വാഹനങ്ങൾക്ക് പരിശോധിച്ച് പിഴയിട്ടുകൊണ്ടിരുന്ന ഉദ്യോഗസ്ഥരോട് ചോദ്യവും തർക്കവുമായി യുവാവ് രംഗത്തെത്തി.
ഈ വണ്ടീടെ ഞങ്ങൾ എടുത്തോളാം എന്ന് ഉദ്യോഗസ്ഥൻ പറയുമ്പോൾ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ അപ്പോൾ ഓടുന്നെ എന്ന് യുവാവ് തിരിച്ചു ചോദിക്കുന്നത് വീഡിയോയിൽ നിന്ന് കാണാൻ കഴിയും. നിങ്ങളുടെ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണ്ടേ എന്ന ചോദ്യത്തിന് വേണം എന്ന് ഉദ്യോഗസ്ഥർ മറുപടി നൽകുന്നുണ്ട്. സർക്കാരിന്റെ വണ്ടിക്കും പിഴ അടിക്കാൻ യുവാവ് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ വാഹനം മുന്നോട്ട് എടുത്ത് എംവിഡി ഉദ്യോഗസ്ഥർ പോകാൻ ശ്രമിക്കുമ്പോൾ യുവാവ് മുന്നിൽ കയറി തടസം സൃഷ്ടിക്കുന്നുണ്ട്. സൗമ്യമായി പെരുമാറിയ എംവിഡി ഉദ്യോഗസ്ഥർ ഒടുവിൽ എംവിഡി വാഹനത്തിനും പിഴയിട്ടു. പിഴയിട്ടത് യുവാവിനെ കാണിക്കുന്നതും ദൃശ്യത്തിൽ കാണാൻ കഴിയും.