അങ്കമാലി: പാറമടയിൽ കുളിക്കാനിറങ്ങിയ കരിങ്കൽകൊത്ത് തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ എളവൂർ പുളിയനം കിഴക്കനേടത്ത് വീട്ടിൽ രാമകൃഷ്ണന്‍റെയും വനജയുടെയും മകൻ സുധീഷാണ് ( 40 )നിര്യാതനായി. പാറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡ് പുളിയനം പൊക്കത്ത് കുരിശിന് കിഴക്ക് വശത്തെ കാലങ്ങളായി പ്രവർത്തനരഹിതമായ 20 അടിയോളം താഴ്ചയുള്ള പാറമടയിൽ തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെയായിരുന്നു അപകടം. സുധീഷിന്‍റെ ജ്യേഷ്ടൻ ‘വിനോദ്’ എന്ന മധു ലീസിനെടുത്ത് പാറമടയോട് ചേർന്ന് 20 വർഷത്തിലേറെയായി നടത്തിവരുന്ന പുളിയനം ‘ശില കൊത്തുപണി കേന്ദ്ര’ത്തിലെ തൊഴിലാളിയാണ് സുധീഷ്.
ആറ് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രധാനമായും ദേവാലയങ്ങൾക്കാവശ്യമായ കരിങ്കൽ ശിൽപ്പങ്ങളാണ് നിർമ്മിക്കുന്നത്. സുധീഷ് പെരുമ്പാവൂർ വളയൻചിറങ്ങരയിലെ ഭാര്യ വീടിനോട് ചേർന്ന വീട്ടിലും, ജ്യേഷ്ടൻ മധു പാറക്കടവ് മാമ്പ്രയിലെ വീട്ടിലുമാണ് കുടുംബ സമേതം താമസിക്കുന്നത്. കൊത്തുപണി കേന്ദ്രത്തിലെ ഷെഡിലാണ് സുധീഷ് പതിവായി താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് വളയൻചിറങ്ങരയിലെ വീട്ടിൽ പോകാറുള്ളത്.
ചൂടിന്‍റെ കാഠിന്യം മൂലം പതിവ്പോലെ പാറമടയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് നീന്തൽ അറിയാത്ത സുധീഷ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. ഉടനെ കൂട്ടുകാർ കരയിൽ നിന്ന് കയർ എറിഞ്ഞ് കൊടുത്ത് വലിച്ച് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ചളി നിറഞ്ഞ വെള്ളത്തിൽ സുധീഷ് മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ അങ്കമാലി അഗ്നിരക്ഷ സേനയും, അങ്കമാലി, ചാലക്കുടി സേനകളിലെ സ്കൂബ ടീമും ഓക്സിജൻ സിലിണ്ടറും, ചളിയിൽ മുങ്ങിതപ്പുന്ന സാഹസിക സംവിധാനങ്ങളുമായെത്തി ഒന്നരമണിക്കൂറോളം ശ്രമം നടത്തിയാണ് മൃതദേഹം കരക്കെടുത്തത്.
അസി. സ്റ്റേഷൻ ഓഫീസർ എൻ.ജിജിയുടെ നേതൃത്വത്തിൽ പി.ബി. സുനി, സജാദ്, സൂരജ്, സനൂപ്, ശ്രീജിത്ത്, സുഭാഷ്, പി.ഒ. വർഗീസ്,ശ്യാം മോഹൻ എന്നിവരും, സ്കൂബ ടീമംഗങ്ങളായ ഷൈൻ ജോസ്, അനിൽ മോഹൻ, അഖിൽദാസ്, നിമീഷ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം അഗ്നി രക്ഷസേനയുടെ ആംബുലൻസിലാണ് അങ്കമാലി താലൂക്കാശുപത്രിയിലെത്തിച്ചത്. ഭാര്യ: പെരുമ്പാവൂർ വളയൻചിറങ്ങര മനയത്തുകുടി കുടുംബാംഗം സരിത. മകൻ: ആദിദേവ് ( ദേവാനന്ദ് ). ചൊവ്വാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ സംസ്കാരം നടക്കും.












