കോഴിക്കോട് : ഗവ. ചില്‍ഡ്രന്‍സ് (ഗേള്‍സ്) ഹോമില്‍ നിന്ന് കാണാതായതിനു ശേഷം തിരികെയെത്തിച്ച ആറു പെണ്‍കുട്ടികള്‍ പൊലീസിനും ഹോം അധികൃതര്‍ക്കുമെതിരെ പ്രതിഷേധത്തില്‍. തങ്ങള്‍ക്കൊപ്പം ബെംഗളൂരുവില്‍ നിന്ന് പിടികൂടിയ ടോം തോമസ്, ഫെബിന്‍ റാഫി എന്നിവര്‍ നിരപരാധികളാണെന്നും അവര്‍ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴി പ്രകാരമാണു കേസെടുത്തതെന്ന പോലീസ് വാദം ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്. മജിസ്‌ട്രേട്ടിനു മുന്നില്‍ മൊഴി രേഖപ്പെടുത്തി തിരികെ കൊണ്ടു വരും വഴി വനിതാ പോലീസ് സ്റ്റേഷനില്‍ വച്ചും ശിശുക്ഷേമ കമ്മിറ്റി യോഗം നടക്കുമ്പോള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വച്ചും കുട്ടികള്‍ രോഷപ്രകടനം നടത്തി. പോലീസ് സ്റ്റേഷനിലെയും ഹോമിലെയും ജനല്‍ ചില്ലുകള്‍ ഇടിച്ചു പൊട്ടിച്ചതിനെ തുടര്‍ന്നു രണ്ടു പേരുടെ കൈയ്ക്കു പരുക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികള്‍ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു പോയി. രക്ഷിതാക്കള്‍ നേരത്തെ ഇതു സംബന്ധിച്ചു എഡിഎമ്മിനു കത്തു നല്‍കിയിരുന്നു.
ഗേള്‍സ് ഹോമിലെ ഇന്നലെ ശിശുക്ഷേമ സമിതി പ്രത്യേക സിറ്റിങ് നടത്തി. കുട്ടികളുടെ താല്‍പര്യം അനുസരിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നു സമിതി ചെയര്‍മാന്‍ പി.എം.തോമസ് പറഞ്ഞു. ഹോമിലെ സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കാനും ഉടന്‍ നടപടിയുണ്ടാകും. ഹോം സന്ദര്‍ശിച്ച ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം അധികൃതര്‍ ശിശുക്ഷേമ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.