കൊല്ലം : മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെയും അച്ഛനെയും കബളിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. കരുനാഗപ്പള്ളി ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി (43), കണ്ണൂര്‍ തലശേരി സ്വദേശി അശിന്‍ കുമാര്‍ (32) എന്നിവരാണ് പിടിയിലായത്. കൊല്ലം പെരിനാട് സ്വദേശിനിയാണ് പരാതി നല്‍കിയത്. മാട്രിമോണിയല്‍ വഴി പരാതിക്കാരിയുടെ മകനുമായി പരിചയപ്പെട്ട ബിന്‍സി വീട്ടിലെ ചുറ്റുപാടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും മനസിലാക്കി. പിന്നാലെ ബിന്‍സിയും ബിന്‍സിയുടെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അശിന്‍ കുമാറും പരാതിക്കാരിയുടെ ഭര്‍ത്താവിനെ പരിചരിക്കാനെന്ന വ്യാജേന വീട്ടിലെത്തി. തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. ചികിത്സാ ചെലവിനെന്ന പേരില്‍ മാലയും കമ്മലും ഉള്‍പ്പടെ ആറു പവന്‍ സ്വര്‍ണം വാങ്ങി. ബാങ്കിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണവും ഗൂഗിള്‍ പേ വഴി അഞ്ച് ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.