കോഴിക്കോട്: രണ്ട് കോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒരു യുവതി കൂടി പിടിയിലായി. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി പി.എസ് (24)നെ ബംഗളരൂവിൽ നിന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷും സ്പെഷൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.
മേയ് 19 നാണ് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടിയത്. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പോലീസും ഡാൻസാഫും പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അനുജ് പലിവാളിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേക്ഷണസംഘം രൂപീകരിച്ച് ഊർജിത അന്വേഷണം നടത്തി.
തുടർന്ന് നിലമ്പൂർ സ്വദേശി ഷൈൻ ഷാജി എന്ന പ്രതിയെ ബംഗളൂരൂവിൽനിന്നും, രണ്ടാം പ്രതി പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടിയിരുന്നു. ഷൈൻ ഷാജിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ബംഗളൂരുവിൽനിന്നും ഷൈനിനോടപ്പം എം.ഡി.എം.എ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിൽ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസ്സിലായി. ഷൈൻ നിരവധി തവണ ബംഗളൂരുവിൽനിന്നും ടൂറിസ്റ്റ് ബസ്സിൽ മയക്കുമരുന്ന് കടത്തിന് ജുമിയെ കരിയർ ആക്കിയിട്ടുണ്ട്.
ജുമി ഒളിവിൽ പോയി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച് ഗോവ, ബംഗളൂർ എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുകയാണ് പതിവ്.
വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷ്, എസ്.ഐ ദീപു കുമാർ, എസ്.സി.പി.ഒ ദീപു, സിറ്റി ക്രൈം സ്ക്വാഡിലെ എ. പ്രശാന്ത് കുമാർ, എസ്.സി.പി.ഒ ഷിജില, സി.പി.ഒ സ്നേഹ, ഷിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.