കായംകുളം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്.സി.പി.ഐ ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറികൂടിയായ സമീർ റോഷൻ, പിതാവ് മുഹമ്മദ് കുഞ്ഞ്, മാതാവ് റംലത്ത്, സഹോദരി റോഷ്ന എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. റോഷന്റെ ഭാര്യ കായൽവാരത്ത് ഇഹ്സാന നൽകിയ പരാതിയിലാണ് നടപടി.
മർദനത്തെ തുടർന്ന് ഇഹ്സാന പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ റോഷൻ സ്ഥിരമായി മർദിച്ചിരുന്നതായി ഇഹ്സാന പറയുന്നു. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ഭർത്താവ് ക്രൂരമായി മർദിച്ചതോടെയാണ് വിഷയം സ്റ്റേഷനിലെത്തിയത്.
പുറത്ത് ബെൽറ്റിന് അടിച്ച പാടുണ്ട്. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് തന്നെ മർദിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇഹ്സാന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.