ആത്മവിശ്വാസത്തിന്റെ കരുത്തിൽ സെപ്റ്റിക് ഷോക് ബാധിച്ച് ഇരുകയ്യും കാലുകളും നഷ്ടപ്പെട്ട യുവതി തിരികെ ജീവിതത്തിലേക്ക്. പ്രസവാനന്തരമാണ് സെപ്റ്റിക് ഷോക് (ഗുരുതര സ്വഭാവമുള്ള അണുബാധ) ബാധിച്ച് 29 കാരിയായ അമേരിക്കൻ യുവതി ക്രിസ്റ്റിന പാച്ചെകോയുടെ കൈകാലുകൾ നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു ക്രിസ്റ്റിന. രണ്ടാമത്തെ പ്രസവത്തോടെയാണ് ക്രിസ്റ്റിനക്ക് രോഗം പിടികൂടുന്നത്. സിസേറിയൻ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ ക്രിസ്റ്റിനയ്ക്ക് പനിയും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇത് പോസ്റ്റ് സർജറി പ്രശ്നമായി കരുതുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും രോഗം ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീടുള്ള ചികിത്സയിലാണ് ക്രിസ്റ്റിനക്ക് ഗുരുതരമായ രോഗമാണെന്ന് കണ്ടെത്തിയത്. ശരീരം അങ്ങേയറ്റം അണുബാധയോട് പ്രതികരിക്കുന്ന സെപ്റ്റിക് ഷോക് ആയിരുന്നു രോഗാവസ്ഥ.
ഒരിയ്ക്കലും തനിക്ക് പുതിയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് അവർ കരുതി. തന്റെ മക്കളോടും ഭർത്താവിനോടും ഇനിയൊരിക്കലും സംസാരിക്കാനാവില്ലെന്നും. മക്കളെ അടുത്ത് കാണണമെന്നായിരുന്നു അവരുടെ നിരന്തരമുള്ള ആവശ്യം. -എബിസി ന്യൂസിനോട് സംസാരിക്കവേ ക്രിസ്റ്റിന പറയുന്നു. രണ്ടാഴ്ച്ചത്തോളം കൃത്രിമശ്വാസം എടുത്തെങ്കിലും ശേഷം കൈകാലുകളിലേക്കുള്ള രക്തയോട്ടം നഷ്ടപ്പെട്ടതിനാൽ കൈകാലുകൾ മുറിച്ചുമാറ്റുകയായിരുന്നു. രണ്ടുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനുശേഷമാണ് ക്രിസ്റ്റിന വീട്ടിലേക്ക് തിരിച്ചെത്തുന്നത്. നാലുമാസത്തിനുശേഷം കഠിനമായ ശാരീരിക പരിശീലനത്തോടെ ക്രിസ്റ്റിന സാധാരണ ജീവിതത്തിലേക്കെത്തിയിരിക്കുകയാണ്. വീൽചെയറിൽ നിന്നും രണ്ടുമക്കളെ പരിചരിക്കുന്ന സാധാരണ ജീവിതത്തിലേക്കാണ് ക്രിസ്റ്റിനയുടെ മടക്കം.