വെളുത്ത നിറത്തോടുള്ള മനുഷ്യന്റെ ആവേശം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വെളുപ്പ് മികച്ച നിറമാണ് എന്നും കറുപ്പിന് എന്തോ കുഴപ്പമുണ്ട് എന്നും കാലങ്ങളായി മനുഷ്യർ വിശ്വസിച്ച് പോരുന്നു. അതുകൊണ്ട് തന്നെ വെളുക്കാൻ എന്നും പറഞ്ഞ് മാർക്കറ്റിൽ ഇറങ്ങുന്ന ക്രീമുകൾക്കടക്കം വലിയ പ്രചാരമുണ്ട്.
മിക്കവാറും പുരുഷന്മാർക്ക് വേണ്ടി വിവാഹം ആലോചിക്കുമ്പോൾ എല്ലാവരും തിരയുന്നത് വെളുത്ത നിറമുള്ള പെൺകുട്ടികളെയാണ്. ഇത്തരം കാര്യങ്ങളൊക്കെ നിലനിൽക്കുന്നത് കൊണ്ട് തന്നെ ചില സ്ത്രീകളെ എങ്കിലും സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടുകളാണ് അവർ അനുഭവിക്കുന്നത്.
ചില സമയങ്ങളിൽ ഈ വെളുപ്പ് നിറത്തോടുള്ള അമിതാസക്തി വളരെ മോശം സംഭവങ്ങളിലും എത്തിച്ചേരാറുണ്ട്. ചണ്ഡീഗഢിലും സംഭവിച്ചത് അത് തന്നെയാണ്. ചണ്ഡീഗഢിലെ ദുർഗ് ജില്ലയിൽ കഴിഞ്ഞയാഴ്ച 30 -കാരിയായ ഒരു യുവതി മഴു ഉപയോഗിച്ച് തന്റെ ഭർത്താവിനെ വെട്ടിക്കൊന്നു. നിരന്തരം കറുത്ത നിറത്തെ കുറിച്ച് പറഞ്ഞ് ഭാര്യയെ അപമാനിച്ചതാണ് കൊലപാതകത്തിന് കാരണമായിത്തീർന്നത് എന്നാണ് അധികൃതർ പറയുന്നത്.
ഭർത്താവ് 40 -കാരനായ ആനന്ദ് സൊൻവാനിയെ കൊന്നതിന് സംഗീത സൊൻവാനിയെ അമലേശ്വർ ഗ്രാമത്തിൽ വച്ച് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ, കൊല്ലപ്പെട്ടയാൾ തന്റെ ഭാര്യയായ സംഗീതയെ നിരന്തരം കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നു എന്ന് കണ്ടെത്തി. കൂടാതെ എപ്പോഴും അവളെ വൃത്തിയില്ലാത്തവൾ എന്നും മറ്റും പറഞ്ഞ് അപമാനിച്ചിരുന്നു.
അങ്ങനെ ഇതിന്റെ പേരിൽ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനൊടുവിൽ സംഗീത വീട്ടിൽ സൂക്ഷിച്ചിരുന്ന മഴു എടുക്കുകയും ഭർത്താവിനെ വെട്ടുകയും ആയിരുന്നു. അതുപോലെ തന്നെ ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടി മാറ്റി എന്നും പറയുന്നു. പിന്നീട്, സംഗീത പൊലീസിനോട് ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് ഏറ്റ് പറഞ്ഞു.