തൃശ്ശൂര്‍: മുതലാളി ചമഞ്ഞ് ജ്വല്ലറികളിൽ നിന്നും സ്വർണകോയിനുകൾ തട്ടിയെടുത്ത വിരുതൻ തൃശൂർ സിറ്റി പൊലീസിന്‍റെ പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് പിടിയിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോന്‍റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസ് ആണ് റാഹിലിനെ പൊക്കിയത്.
പ്രശസ്തമായ ജ്വല്ലറികളിലേക്ക് ഫോണിൽ വിളിച്ച് വലിയ കമ്പനിയുടെ എംഡി യാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കുവാനാണെന്ന് ആവശ്യപെട്ട് ഒരു പവൻ വീതം തൂക്കം വരുന്ന സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യും. പിന്നീട് അടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തിക്കാന്‍ ജ്വല്ലറി ജീവനക്കാരോട് പറയും. ഓർഡർ പ്രകാരം ജ്വല്ലറിയിൽനിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലെത്തുന്ന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് കോയിനുകൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു ഇയാളുടെ രീതി.
നവംബർ ഏഴാം തീയ്യതി തൃശ്ശൂർ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് തൃശ്ശൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും, വലിയ കമ്പനിയുടെ എംഡി യാണെന്നും പരിചയപ്പെടുത്തി ഒരു പവൻ വീതം തൂക്കം വരുന്ന ഏഴ് സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയും ഹോട്ടലിലേക്ക് എത്തിക്കുവാനും പറഞ്ഞു. ഓർഡർ പ്രകാരം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലേക്ക് എത്തിയ ജ്വല്ലറി ജീവനക്കാരെ പ്രതിയായ റാഹില്‍ ഹോട്ടലിൽ ലോബിയിലിരുത്തി എംഡിയുടെ പിഎ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ടു.
തുടര്‍ന്ന് എംഡി റൂമിൽ ഉണ്ടെന്നും വിശ്വസിപ്പിച്ച് എംഡി യുടെ കയ്യിൽ നിന്ന് പണം വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞ് സ്വർണ്ണകോയിനുകളുമായി ലിഫ്റ്റിൽ കയറിപ്പോയി. ഇയാള്‍ തിരികെ വരാഞ്ഞതോടെയാണ് ജ്വല്ലറി ജീവനക്കാര്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായത്. തുടർന്ന് തട്ടിപ്പിനിരയായ ജ്വല്ലറി ജീവനക്കാർ തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ എത്തി പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയുമായിരുന്നു.