കോഴിക്കോട്: ഗോവിന്ദപുരം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെ ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസും സംഘവും തമിഴ്നാട്ടിലെ തിരുവാരൂറിലെ മണ്ണാർ ഗുടിയിലെ ഉൾഗ്രാമത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മാസം 27-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീലക്ഷ്മി ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഹോട്ടലിലെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവർച്ച നടത്താൻ തെരഞ്ഞെടുക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരുതി വെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഹോട്ടലുടമ വിവരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.
തമിഴ്നാട് സ്വദേശിയാണെങ്കിലും വയനാട്ടിലായിരുന്നു വർഷങ്ങളായി ഭാഗ്യരാജ് താമസിച്ചിരുന്നത്.എന്നാൽ കളവ് ചെയ്തതിന് ശേഷം പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തമിഴ്നാട് പൊലീസ് പോലും കടന്ന് ചെല്ലാൻ മടിക്കുന്ന ഗ്രാമമായതിനാൽ സുരക്ഷിതനാണെന്ന് കരുതിയ പ്രതിയെ സാഹസികമായാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയത്. അതിനു ശേഷമാണ് അവിടുത്തെ പൊലീസ് പോലും സംഭവം അറിഞ്ഞത്. പ്രതിയെ പിടി കൂടിയശേഷം ആളുകൾ കൂടാൻ സാധ്യത ഉള്ളതിനാൽ വളരെ വേഗം തന്നെ പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.
തന്റെ വാക്ചാതുര്യത്തിലൂടെ ഹോട്ടലിലെ ജീവനക്കാരെ കയ്യിലെടുക്കാൻ കഴിവുള്ള ഇയാൾ തട്ട് ദോശ ഉണ്ടാക്കുന്നതിൽ പ്രഗൽഭനായിരുന്നു. അതുകൊണ്ട് തന്നെ ഹോട്ടലുകളിൽ ഇയാൾക്ക് വളരെ പെട്ടെന്ന് തന്നെ ജോലിയും ലഭിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റ്ന്റ് കമ്മീഷണർ കെ.സുദർശൻ അറിയിച്ചു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് കൂടാതെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ റസൽരാജ്, രതീഷ് ഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഫൈസൽ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.