കൊടുവള്ളി∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് KL 57 K 4333 നമ്പർ കാറിൽ ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമാരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎയും തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33) പൊലീസ് പിടികൂടിയത്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ഐപിഎസിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലകണ്ടിയുടെ നേതൃത്വത്തിൽ ലഹരി വിൽപ്പനക്കെതിരെ ശക്തമായ നടപടികൾ പൊലീസ് നടത്തിവരുന്നതിനിടയിലാണു കൊടുവള്ളിയിൽ വച്ച് മാരക ലഹരി മരുന്ന് പിടികൂടിയത്. പിടികൂടിയ ലഹരിമരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.എസ്ഐ അനൂപ് അരീക്കര, എസ്ഐ എസ്.ആർ. രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. ലിനീഷ്, അബ്ദുൽ റഹീം, എൻ.എം. ജയരാജൻ, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.