മാനന്തവാടി : വയനാട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസില്‍ പ്രതിയായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. മാനന്തവാടി പാലാക്കോളി തോപ്പില്‍ വീട്ടില്‍ ഋഷികേഷ് സാഹിനി (24) ആണ് ചേകാടി പാലത്തിനു സമീപം എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും മുപ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. ഋഷികേശ് സമാന കുറ്റകൃത്യം നടത്തിയതിന് മുമ്പും പിടിയിലായിട്ടുണ്ട്. 2018-ല്‍ കര്‍ണാടകയിലെ ബൈരകുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ബൈക്കില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ ബാവലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ബൈക്കുമായി ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ചെക്ക് പോസ്റ്റിന്റെ ബാരികേഡും ഇടിച്ചുതെറിപ്പിച്ച് ആയിരുന്നു ഇയാള്‍ രക്ഷപെട്ടത്. ഈ കേസില്‍ വിചാരണ നടന്നുവരുന്നതിനിടെയാണ് കഞ്ചാവുമായി വീണ്ടും പിടിയിലായത്.