കോഴിക്കോട്: കോഴിക്കോട് എന്‍ഐടിക്ക് സമീപം വെള്ളലശ്ശേരിയില്‍ വന്‍ എംഡിഎംഎ വേട്ട. കാറില്‍ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീനാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജന്‍സ് ബ്യൂറോയും എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിയിലായത്. കോഴിക്കോട് എന്‍ഐടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്നു വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.
ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി. കെ, ഷിജുമോന്‍ ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, അജിത്ത്, അര്‍ജുന്‍ വൈശാഖ്, അഖില്‍ദാസ് ഇ എന്നിവരും കോഴിക്കോട് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ പി. കെ, ശിവദാസന്‍ വി. പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, റഹൂഫ്, ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് എടുത്തത്.