എറണാകുളം: മട്ടാഞ്ചേരിയിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷമീറാണ് എക്സൈസിന്‍റെ പിടിയിലായത്. പ്രതിയിൽ നിന്ന് 300 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.
മട്ടാഞ്ചേരിയിൽ മൂക്കിപ്പൊടി, മിത്ത് എന്നീ പേരുകളിൽ അറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎയുടെ വിൽപ്പന വ്യാപകമാണ്. ഇതിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മട്ടാഞ്ചേരി സ്വദേശി ഷമീർ എക്സൈസിന്‍റെ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നിരുന്നത്. ഒരു ഗ്രാമിന് 3,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000 മുതൽ 6,000 രൂപ എന്ന നിരക്കിലായിരുന്നു കൊച്ചിയിൽ വിൽപ്പന. എംഡിഎംഎ ഉപയോഗിച്ചാൽ 8 മുതൽ 12 മണിക്കൂർ വരെ പ്രതിഫലനമുണ്ടാകും.
സിന്തറ്റിക്ക് ഡ്രഗ് ഇനത്തിൽപ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വയ്ക്കുന്നത് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടുന്ന കുറ്റമാണ്. ദിവസങ്ങളോളം നടത്തിയ പരീക്ഷണത്തിനൊടുവിലാണ് പ്രതി എക്സൈസിന്‍റെ പിടിയിലായത്. ഇതിന്‍റെ പുറകിലുള്ള ശൃംഖലയെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് എക്സൈസ് അറിയിച്ചു.