പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ അപമാനിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ അധ്യക്ഷ ഡോ.ചിന്ത ജെറോം ആവശ്യപ്പെട്ടു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥിക്ക് ഹാജർ കുറവുണ്ടായിരുന്നു. പരീക്ഷ എഴുതുന്നതിന് ആവശ്യമായ ഹാജർ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിയും രക്ഷിതാവും കൂടി അധ്യാപകനായ ബിനു കുര്യനെ കാണാനെത്തിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഒപ്പിട്ട് നൽകാൻ അധ്യാപകൻ തയ്യാറായില്ല. എന്തിനാണ് തുടർന്ന് പഠിക്കുന്നതെന്നും മറ്റൊരാളുടെ സഹായത്തിലല്ലേ പരീക്ഷയെല്ലാം ജയിക്കുന്നതെന്നും അധ്യാപകൻ പറഞ്ഞതായി വിദ്യാർഥിയുടെ അമ്മ പറഞ്ഞു. ഹാജർ നൽകാൻ വിസമ്മതിച്ചതിനൊപ്പം വിദ്യാർഥിയെ അപമാനിക്കുകയും ചെയ്‌തു.
അധ്യാപകൻ്റെ മോശം പെരുമാറ്റം കാരണം കരഞ്ഞു കൊണ്ട് ഇറങ്ങി വന്ന മാതാവിനെ മറ്റുള്ള വിദ്യാര്‍ത്ഥികൾ കാണുകയും വിവരം ചോദിച്ചറിഞ്ഞതോടെ ക്ഷുഭിതരായ വിദ്യാര്‍ത്ഥികൾ പ്രതിഷേധവുമായി അധ്യാപകനെ തടയുകയും ചെയ്തു. സംഭവം കോളേജ് കൗണ്‍സിൽ ചര്‍ച്ച ചെയ്യും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് വിദ്യാര്‍ത്ഥികൾ പിരിഞ്ഞു പോകാൻ തയ്യാറായത്.