തിരുവനന്തപുരം: കാപ്പ ചുമത്താനുള്ള ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദ്. പതിനഞ്ച് കേസുകള്‍ തന്‍റെ പേരിലില്ല. കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാം. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താനുള്ള നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കൈപ്പറ്റണോയെന്ന് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കും.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ വേട്ടയാടുകയാണ്. പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കൽ നിയമപരമായി നേരിടുമെന്നും ഫർസീൻ പ്രതികരിച്ചു. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഫർസീൻ മജീദ്.
മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ഡി ഐ ജിക്ക് കൈമാറി.
മട്ടന്നൂർ പൊലീസ് ഫർസീന്‍റെ കേസുകൾ സംബന്ധിച്ച വിവരം കമ്മീഷണർ ആർ ഇളങ്കോയ്ക്ക് കൈമാറി. എല്ലാം രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ പങ്കെടുത്ത കേസുകളല്ലെന്നും രാഷ്ട്രീയ വൈരാഗ്യം കാരണം മറ്റ് പാർട്ടികളിലുള്ളവരെ ആക്രമിച്ച കേസുകളുണ്ടെന്നുമാണ് കമ്മീഷണർ പറയുന്നത്. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ, ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താൻ ഡി ഐ ജി ഫർസീന് നോട്ടീസ് നൽകി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫർസീന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടി.