കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. ഈ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ കണ്ണൂർ അഞ്ചരക്കണ്ടയിൽ നടന്ന കെ.എസ്.യു – യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ച സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമീപത്ത് കൂടി കടന്നുപോവുകയായിരുന്നു.കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. മുഖ്യമന്ത്രിക്കെതിരെ കണ്ണുരിൽ തുടർച്ചയായ രണ്ടാം ദിവസമാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.