പത്തനംതിട്ട : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം നേടുന്നതിന് ചുക്കാൻ പിടിച്ച എ ഐ സി സി പ്രവർത്തക സമിതി അംഗവും കേരളത്തിന്റെ മുൻപ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയ്യ്ക്ക് പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആദരം. ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് 13 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി പാർട്ടിയെ തിരിച്ചു കൊണ്ടു വന്ന ചെന്നിത്തലയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
എന്‍ സി പി , ശിവസേന എന്നീ പാർട്ടികളുമായി ചേർന്ന് ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ രമേശ് ചെന്നിത്തല എന്ന ദേശീയ നേതാവിന്റെ രാഷ്ട്രീയ മെയ്‌വഴക്കം രാജ്യം മുഴുവൻ ചർച്ചയാവുകയാണ്. ശരദ് പവാർ,ഉദ്ദവ് താക്കറേ എന്നീ നേതാക്കന്മാരോട് ചേർന്നാണ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ കരുത്ത് പ്രകടമാക്കിയത്. തന്റെ സ്നേഹിതനും സഹ പ്രവർത്തകനുമായിരുന്ന മുൻ മഹാരാഷ്ട്ര കോൺഗ്രസ്സ് നേതാവ് അശോക് ചവാൻ ഉൾപ്പെടെയുള്ളവർ പാർട്ടി വിടുന്ന സാഹചര്യത്തിലാണ് ചെന്നിത്തല നേതൃത്വം ഏറ്റെടുത്തിരുന്നത്. ഈ വിജയം ഒരു തുടക്കം ആണെന്നും മഹാ വികാസ് അഘാഡി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ആവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.