തൊടുപുഴ: അരിക്കൊമ്പൻ കേസിലെ ഹരജിക്കാരൻ വിവേക് വിശ്വനാഥനെതിരെ പരാതി. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡന്റ് കെ.എസ്. അരുണാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൂപ്പാറ നിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ചെന്നും പ്രകോപനപരമായി സംസാരിച്ചുവെന്നുമാണ് പരാതി.പ്രതിഷേധക്കാരെ വെല്ലുവിളിക്കുന്ന തരത്തിൽ കഴിഞ്ഞദിവസം വിവേക് വിശ്വനാഥന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിൽ പൂപ്പാറയിലുള്ളവരെ ശവങ്ങൾ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും മനുഷ്യരെപ്പോലെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പോയി ചാകാൻ പറഞ്ഞതായും സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഇതിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് അരുണിന്റെ ആവശ്യം.