തിരുവനന്തപുരം: യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ സംഘാടക സമിതിയുടെ പേരിൽ വൻതുക പിരിക്കുന്നുവെന്ന വാർത്തകള്‍ക്ക് പിന്നാലെ കേരളമുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്മതിയും ലാളിത്യവും ഉയർത്തിക്കാട്ടിയാണ് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ 82 ലക്ഷം രൂപ പിരിച്ചെടുക്കുന്നുവെന്നായിരുന്നു വാർത്തകള്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം ഇരിക്കാനും വിഷമം പറയാനും ലക്ഷങ്ങള്‍ ഒന്നും ആശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
”ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെ പറ്റി സാധാരണ പറയാറുണ്ട് ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും… ആ മനുഷ്യൻ അങ്ങനെയാണ് ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്… ഇതെന്താ ജെയിംസ് കാമറുണിന്റെ ‘അവതാർ’ വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാൻ’- യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.