തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന കേസില്‍ മട്ടന്നൂരിലെത്തി മൊഴിയെടുക്കണമെന്നു മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദും നവീന്‍കുമാറും. അഭിഭാഷകര്‍ മുഖേന ഇക്കാര്യം വലിയതുറ പൊലീസിനെ അറിയിച്ചു. ഇരുവരും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.
ഇ.പി. ജയരാജനെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നാണു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പഴ്സണല്‍ സ്റ്റാഫിനെയും പ്രതിചേര്‍ക്കണമെന്നും വലിയതുറ പൊലീസിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫർസീനും നവീനും നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.ജയരാജൻ തള്ളുന്ന ദൃശ്യങ്ങൾ മാത്രമാണു പുറത്തുവന്നതെന്നും തങ്ങളെ ക്രൂരമായി മർദിച്ചിട്ടുണ്ടെന്നും കഴുത്തു ഞെരിച്ചെന്നും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായ ഫർസീൻ മജീദ് ആരോപിച്ചിരുന്നു.