കൊല്ലം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ രംഗത്ത്.മന്ത്രി പ്രതിപക്ഷ നേതാവിനെ അടച്ചാക്ഷേപിച്ചു.സ്വന്തം നട്ടെല്ലും കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നയ്ക്ക് പണയം വെച്ചവർ പ്രതിപക്ഷത്തിൻ്റെ നട്ടെല്ലിൻ്റെ കരുത്ത് നോക്കേണ്ട.കിച്ചൺ ക്യാബിനെറ്റിന്‍റെ ആനുകൂല്യത്തിൽ പദവിയിൽ എത്തിയ ആളല്ല സതീശനെന്ന് ഷാഫി പറഞ്ഞു.പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനിച്ചത് ഹൈക്കമാന്‍റാണ്.റിയാസിന്‍റേത് പേയ്‌മെന്‍റ് സീറ്റ് എന്നു പറഞ്ഞത് സിപിഎമ്മിന്‍റെ ഒപ്പം ഉണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.എസ്.എസ് ,ബി.ജെ.പി എന്നീ സംഘടനകൾക്ക് എതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്.സ്പീക്കറുടെ ചേമ്പറിൽ പോയി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി.സ്പീക്കറെ ഓഫീസ് സെക്രട്ടറിയെ പോലെ ആക്കി.ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.മന്ത്രി എംബി രാജേഷ് കമ്പനിയെ ന്യായീകരിച്ചു സംസാരിച്ചു. സഭാ ടിവി പാർട്ടി ടിവിയാണ്.തിരക്കഥയും സംഭാഷണവും എകെജി സെന്‍ററില്‍ നിന്നാണ്.ഇത് മോഡി സ്റ്റൈലാണ്.സഭാ ടിവിയുമായി സഹകരിക്കാൻ തയാറല്ലെന്നും ഷാഫി പറഞ്ഞു.പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കുന്നതിൽ മുഖ്യപ്രതി മുഖ്യമന്ത്രിയാണ്.വി.ഡി സതീശൻ ജനസംഘത്തിനൊപ്പം മത്സരിച്ചിട്ടില്ല എന്നു മുഹമ്മദ് റിയാസിനെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി മുഹമ്മദ് റിയാസുമായുള്ള വാക്‌പോര് ഇന്നും തുടര്‍ന്നു. പരിണിത പ്രജ്ഞർ ഒരു പാട് ഉള്ളപ്പോൾ മന്ത്രി ആയതിന്‍റെ അമ്പരപ്പാണ് റിയാസിന് എന്നായിരുന്നു സതീശന്റെ പ്രതികരണം. തനിക്കെതിരായ തരംതാണ സൈബർ പ്രചാരണത്തിന് മാർഗനിർദേശം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്ന് സംശയിക്കുന്നതായി റിയാസ് തിരിച്ചടിച്ചു.