മനാമ: വിദേശത്തു നിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ യുവാവിന് വധശിക്ഷ. ചൊവ്വാഴ്ചയാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, പ്രതിയായ സ്വദേശിക്ക് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.
ഇറാനില്‍ നിന്ന് 50 കിലോഗ്രാം ഹാഷിഷ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാര്‍ച്ചില്‍ ബഹ്റൈനി യുവാവ് പിടിയിലായതെന്ന് വടക്കന്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ തലവന്‍ വെളിപ്പെടുത്തി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
സമുദ്രമാര്‍ഗമാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇത് മനസിലാക്കി ഇയാള്‍ എത്തിച്ചേരുന്ന സ്ഥലം മുന്‍കൂട്ടി തിരിച്ചറിയുകയും അവിടെ സ്റ്റിങ് ഓപ്പറേഷനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയുമായിരുന്നു. മയക്കുമരുന്ന് എത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്‍തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇറാന്‍ സ്വദേശിയായ ഒരാളുടെ സഹായത്തോടെയാണ് വിദേശത്തു നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇതിന് പ്രതിഫലമായി പണം കൈപ്പറ്റിയിരുന്നെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി പ്രതിക്ക് ചൊവ്വാഴ്ച വധശിക്ഷ വിധിക്കുകയായിരുന്നു.