പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് പുതുനഗരം മേഖല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. സമൂഹത്തിൽ ലഹളയുണ്ടാക്കുക, അപകീർത്തിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രതാപ് സിംഹന് പറഞ്ഞു. ഡിവൈഎഫ്ഐ പുതുനഗരം മേഖല കമ്മിറ്റി സെക്രട്ടറി യു.എ. മൺസൂർ, പ്രസിഡന്റ് അശ്വിൻ അനന്തകൃഷ്ണന് എന്നിവ നല്കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക്ഔട്ട് നോട്ടീസിന് സമാന രീതിയിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം ഉയർത്തുന്നത്