കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ നിരപരാധികളായ മുസ്ലീം ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് മുസ്ലീം യൂത്ത് ലീഗ്. ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തെ അപലപിക്കുന്നുവെന്നുവെങ്കിലും ലീഗ് പ്രവർത്തകരെ വേട്ടയാടാനുള്ള പൊലീസ് നീക്കം അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് പറഞ്ഞു.
ലീഗ് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡിന്റെ പേരിൽ പോലീസ് നര നായാട്ട് നടത്തുകയാണ്. എന്നാൽ എസ്ഡിപിഐയുടെ ഒരാളെ പോലും അറസ്റ്റ് ചെയ്യുന്നില്ല. മർദനമേറ്റ ജിഷ്ണുവിൻറെ മൊഴി പ്രകാരം ഉള്ള ആളുകളെ ബോധപൂർവം ഒഴിവാക്കുകയാണ്. എസ്ഡിപിഐ പോലീസ് അന്തർധാര ഉണ്ടെന്നാണ് മനസ്സിലാവുന്നതെന്നും മിസ്ഹബ് പറഞ്ഞു.
അതേസമയം ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ പ്രധാന പ്രതികളെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. എഫ്ഐആറിൽ പ്രതിചേർത്ത ആദ്യ ഒൻപത് പ്രതികളിൽ ഒരാളെ മാത്രമാണ് ഇതുവരെ പിടിച്ചത്. സംഭവം നടന്ന പാലോളി മേഖലയിൽ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഒളിവിൽ പോയ എസ്‍ഡിപിഐ പ്രവർത്തകരെ പിടിക്കുക ശ്രമകരമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ ആറ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.