പൊന്നാനി: മാലിന്യ സംസ്കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പൊന്നാനി നഗരസഭ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതികളുടെയും കുടുംബശ്രീ കാർണിവെലിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നിളയോര പാതയിൽ നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം ടെയ്ക് എ ബ്രേക്ക്, പുഴമുറ്റം പാർക്ക്, വാട്ടർ എ.ടി.എം എന്നിവയുടെയും നിർമാണം ആരംഭിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, കലിസ്തനിക് പാർക്ക്, മോത്തിലാൽ ഘട്ട് ഓപ്പൺ എയർ ഓഡിറ്റോറിയം, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്റർ, ഹാപ്പിനെസ്സ് പാർക്ക് എന്നിവയുടെയും പൊന്നാനി നഗരസഭ ഭരണ സമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ നിളയോര പാതയിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ കാർണിവലിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. തിങ്കളാഴ്ച വരെയാണ് നിളയോര പാതയിൽ കുടുംബശ്രീ ഒരുക്കുന്ന കാർണിവെൽ. ചടങ്ങിൽ കുടുംബശ്രീ അംഗങ്ങളുടെ സംരംഭമായ ‘മൈ ലേഡി’യുടെ ലോഗോ പ്രകാശനവും നടന്നു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജിഷ് ഊപ്പല, ഒ.ഒ. ഷംസു, ഷീന സുദേശൻ, ടി. അബ്ദുൽ ബഷീർ, അജീന ജബ്ബാർ, വാർഡ് കൗൺസിലർ കവിതാ ബാബു, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പൊന്നാനി നഗരസഭ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.
പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം
പൊന്നാനി: പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജിഷ് ഊപ്പല, ഒ.ഒ. ഷംസു, ഷീന സുദേശൻ, ടി. അബ്ദുൽ ബഷീർ, അജീന ജബ്ബാർ, വാർഡ് കൗൺസിലർ ബാതിഷ, എൻജിനിയർ പൂർണിമ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. സി. ഷിജ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ 1.25 കോടി രൂപയും നാഷനൽ ആയുഷ് മിഷന്റെ ഒരുകോടിയും ഉൾപ്പെടെ 2.25 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം.