തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന പ്രതി പൊലീസ് പിടിയിൽ. കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറിൽ സുധീർഖാനെയാണ് (27) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പൂജപ്പുര മുടവൻമുഗൾ നേതാജി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി പിടിച്ചുപറിച്ചു കടന്ന് കളയുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സുധീർഖാനെതിരെ മോഷണക്കേസുകളുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത് അറിയിച്ചു. പൂജപ്പുര എസ്.എച്ച്.ഒ റോജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രവീൺ, സന്തോഷ് കുമാർ, എ.എസ്.ഐ ഷിബു, രാജേഷ്, മനോജ്, ഉദയകുമാർ ബിനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുണ്ടൂർ കൂട്ടുപാതയിൽ ലോട്ടറികട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് സംഭവം. കൂട്ടുപാത പുന്നയിൽ വീട്ടിൽ വിജയന്റെ ബാഗാണ് നഷ്ടപെട്ടത്. ബാഗിൽ 19550 രൂപയും 500, 100 രൂപ പ്രൈസ് ഉള്ള രണ്ട് ലോട്ടറി ടിക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. പറളി റോഡിലൂടെ കൂട്ടുപാത ഭാഗത്തേക്ക് ഇയാൾ നടന്നു പോകുമ്പോൾ പുറകിലൂടെ ബൈക്കിൽ ഹെൽമറ്റും, കോട്ടും ധരിച്ചെത്തിയ രണ്ടു പേർ 50 മീറ്ററോളം മുന്നോട്ട് പോയി തിരിച്ചു വന്നാണ് മുളകുപൊടി എറിഞ്ഞത്.
കോട്ടയം സംക്രാന്തിയിൽ ബസിനുള്ളില്‍ മോഷണ ശ്രമ നടത്തിയ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പിള്ളയാർ കോവിൽ സ്ട്രീറ്റ് സ്വദേശി മല്ലികയെ ആണ് കോട്ടയം ഈസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.