മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലാണ് സംഭവം. പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മുംബൈയിലെ കുർള സ്വദേശിയായ 32 കാരനായ അഫാൻ അൻസാരി, നസീർ ഷെയ്ഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ കാറിൽ കന്നുകാലി മാംസം കടത്തുകയാണെന്നാരോപിച്ച് പശു സംരക്ഷകർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഒരാൾ മരിച്ചതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഒരാൾ മരിച്ചെന്ന് സബ് ഇൻസ്പെക്ടർ സുനിൽ ഭാമ്രെ പറഞ്ഞു. കേസിൽ ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയിൽ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ബീഫ് കടത്തുകയായിരുന്നോ എന്ന് ലാബ് റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.