ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി കാര്‍ യാത്രക്കാരെ പിന്തുടര്ന്ന് ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഹോണടിച്ചെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം. രവീന്ദ്ര, ഗണേഷ്കുമാര്, കേശവ് എന്നിവരെയാണു വര്‍ത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീല്‍ഡ് – സര്‍ജാപുര റോഡിലെ വര്‍ത്തൂരില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. ഐടി ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി അശോകും രണ്ടു സുഹൃത്തുക്കളുമാണു കാറിലുണ്ടായിരുന്നത്. ഓഫീസില്‍നിന്നു സര്‍ജാപുരയിലെ താമസസ്ഥലത്തേയ്ക്കു വരികയായിരുന്നു ഇവര്‍. ഇടറോഡിലൂടെ ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ 4 പേര് കാറിനു മുന്നില്‍ തടസ്സം സൃഷ്ടിച്ചാണ് ഓടിച്ചിരുന്നത്. ഹോണടിച്ചെങ്കിലും ഇവര്‍ മാറിയില്ല. ഇതിനിടെ നടുറോഡില്‍ ബൈക്കു നിര്‍ത്തി കാര്‍ യാത്രക്കാരെ ആക്രമിക്കാനെത്തി. കാര്‍ പിറകിലോട്ട് എടുത്ത് എതിര്‍ദിശയിലെ റോഡിലൂടെ പോയെങ്കിലും ബൈക്കുകാര് പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.