ആലപ്പുഴ: യുട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടി.എസിന്‍റെ ലൈസന്‍സ് റദ്ദാക്കി. ലൈസൻസ് ആജീവനാന്തമാണ് റദ്ദാക്കിയത്. ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒയുടെതാണ് നടപടി. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായ മോട്ടോർ വാഹന നിയമലംഘനങ്ങളിലാണ് നടപടി. കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. കാറിനുള്ളിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്ത വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗറാണ് സഞ്ജു ടെക്കി.