തിരുവനന്തപുരം: വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചേക്കും. ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കൽ, ദിയാ സന എന്നിവർക്കെതിരെ അതിക്രമിച്ചു കടക്കൽ, കൈയേറ്റം ചെയ്യൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 സെപ്തംബർ 26 നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്.
വിജയ് പി നായർ യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് പുറമേ ഭാഗ്യലക്ഷ്മിക്കെതിരെയും മോശം പരാമർശം നടത്തി. ഇതിനുപിന്നാലെ ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കൽ, ദിയാ സന എന്നിവരടങ്ങുന്ന സംഘം ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ കടന്നു കയറി ആക്രമിക്കുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയും സംഘവുമെത്തിയത്. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു യൂട്യൂബിലൂടെ വിജയ് നായർ മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.
കയ്യേറ്റത്തിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി വിജയ് പി നായർ രംഗത്തെത്തി. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താൻ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പരാതിയില്ലെന്ന് ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും യുട്യൂബർ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ നിലപാട് മാറ്റിയ വിജയ് നായർ പരാതി നൽകുകയായിരുന്നു. അതിക്രമിച്ചുകയറി ആക്രമിച്ചെന്നും മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്. ഇതോടെയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തത്.
വിജയ് പി.നായരുടെ മുറിയിൽ നിന്നെടുത്ത ലാപ് ടോപ്പും മൊബൈലടക്കമുള്ളവയും ഭാഗ്യലക്ഷ്മിയും സംഘവും പോലീസിന് കൈമാറി. അതിനാൽ മോഷണകുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. തമ്പാനൂർ പോലീസാണ് ഇപ്പോൾ കേസിലെ കുറ്റപത്രം നൽകിയത്. സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശത്തിന്‍റെ പേരിൽ വിജയ് പി.നായർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലാണ് ഇയാൾ. ഈ കേസിൽ ഇതുവരെയും കുറ്റപത്രം നൽകിയിട്ടില്ല.