റിയാദ്: റിയാദ് പബ്ലിക് ജയിലിയിലെ എഫ്-31 ാം നമ്പർ സെല്ലിൽ വെച്ച് ഇന്ന് രാവിലെ റഹീമിനെ കണ്ടു സംസാരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി പറഞ്ഞു. മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും 18 വർഷത്തിനിടെ ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
‘കേസിന്റെ തുടക്കം മുതൽ പല തവണ പല ജയിലുകളിലായി റഹീമിനെ കണ്ടിട്ടുണ്ട്. ആശ്വാസവാക്കുകളല്ലാതെ മറ്റൊന്നും അന്ന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. പറയുന്നതെല്ലാം താത്കാലിക സന്തോഷത്തിനുള്ള ആശ്വാസവാക്കാണെന്ന് അറിയുന്നത് കൊണ്ട് തന്നെ റഹീമിന്റെ മുഖത്ത് തെളിച്ചം കുറവായിരുന്നു. പലപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഇന്ന് പക്ഷെ അങ്ങിനെയല്ല, മുഖത്ത് ചിരിയുണ്ട്. കണ്ണിൽ വെള്ളമുണ്ട്, സങ്കടത്തിന്റെയല്ല ആനന്ദത്തിന്റെ. തന്നെ സഹായിക്കാനിറങ്ങിയ മനുഷ്യ സ്നേഹികൾക്ക് വേണ്ടിയും മോചനം സാധ്യമായി ഉമ്മയെ കാണാനും റഹീം സദാ പ്രാർത്ഥനയിലാണ്’ -യൂസഫ് കാക്കഞ്ചേരി പറഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സാധ്യമാകുന്ന രീതിയിലെല്ലാം എംബസിയും അഭിഭാഷകരും സഹായ സമിതിയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.