തിരുവനന്തപുരം : തൊണ്ടി മുതൽ കേസിൽ പ്രതിയായ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റി ഔദ്യോഗിക വസതിയിലേക്ക് പോകാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നു പ്രാവശ്യം ജലപീരങ്കിയും പ്രയോഗിച്ചു.
അതേ സമയം, മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി. 16 വർഷമായി തുടരുന്ന കേസിന്റെ വിചാരണ പൂർത്തിയാകാത്തത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി രജിസ്ട്രാറർ വിചാരണ കോടതിയോട് റിപ്പോർട്ട് തേടുകയായിരുന്നു. ഇതിന് മറുപടിയായാണ് മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് അറിയിച്ചത്.
ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി തൊണ്ടിമുതലില്‍ അന്ന് അഡ്വക്കേറ്റ് ആയിരുന്ന ആന്‍റണി രാജു കൃത്രിമത്വം കാണിച്ചുവെന്നാണ് കേസ്.16 വർഷം മുമ്പാണ് ആന്‍റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജുവാണ്.