കോഴിക്കോട്: പി.ടി.ഉഷയെ രാജ്യസഭാ അംഗമായി തിരഞ്ഞെടുത്തതിൽ അപമാനകരമായ പ്രസ്താവന നടത്തിയ സിപിഎം എംപി എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി. ജനപ്രതിനിധിയെന്ന നിലയിൽ നാടിന് ഒരു സംഭാവനയും ചെയ്യാത്ത എളമരം കരീം കേരളത്തിനു തന്നെ അപമാനകരമാണെന്നും അദ്ദേഹം ഈ വിഷയത്തിൽ മാപ്പു പറയുന്നവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി യുവമോർച്ച മുന്നോട്ട് പോകുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് പറഞ്ഞു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജൂബിൻ ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് അതുൽ പെരുവട്ടൂർ, യുവമോർച്ച പയ്യോളി മണ്ഡലം പ്രസിഡന്റ് പി. സനൽജിത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് എം. ലാൽജിത്ത്, കമ്മിറ്റിയംഗം എ.സരിൻ, ജില്ലാ കമ്മിറ്റി അംഗം രാഹുൽ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു.
അതിനിടെ, പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. പി.ടി.ഉഷയുടെ രാജ്യസഭാ നാമനിർദേശം സംഘപരിവാർ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടിൽ എളമരം കരീം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മന്ത്രി പ്രതികരിച്ചു.
കമ്യൂണിസ്റ്റുകാരുടെ മലിനമനസ്സ് വീണ്ടും വെളിവാക്കുകയാണ് എളമരം കരീം. ട്രാക്കിൽ മെഡലുകൾ വാരിക്കൂട്ടിയപ്പോഴും വിരമിച്ച ശേഷം പരിശീലകയുടെ കുപ്പായമണിഞ്ഞപ്പോഴും ഉഷ കായികമേഖലയോട് പുലർത്തിയ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമാണ് രാജ്യസഭാ നാമനിർദേശം.
രാജ്യസഭാ എംപി എന്ന നിലയിൽ കായികലോകത്തിന് പുതിയ ചിന്തകളും നിർദേശങ്ങളും പകരാൻ ഉഷയ്ക്ക് കഴിയും. ഉഷയുടെ വരവ് സഭയുടെ ഔന്നത്യമുയർത്തുന്ന സാന്നിധ്യമെന്ന് എല്ലാ മലയാളികളും ഒരുപോലെ പറയുമ്പോൾ അതിൽ വിഷവായന നടത്തുന്നത് അപലപനീയം തന്നെയെന്നും നിലവാരമില്ലാത്ത പരാമർശം പിൻവലിച്ച് എംപി മാപ്പു പറയുക തന്നെ വേണമെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.