യുക്രൈൻ : ഇരു വിഭാഗത്തും കനത്ത നാശം വിതച്ച് റഷ്യ-യുക്രൈൻ യുദ്ധം ഏഴാ ദിവസത്തിലേക്ക് കടന്നു. ഇതുവരെ ആറായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി അറിയിച്ചു. ഇന്ന് ഖാർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി ഖാർക്കിവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചിട്ടുണ്ട്. ഖാർക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യൻ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാർക്കിവിന് പുറമെ സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാർക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റെയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു.
കീവിലും ഖാർക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഖാർകീവ് നഗരത്തിൽ റഷ്യൻ വ്യോമസേന എത്തിയതായി യുക്രൈൻ സ്ഥിരീകരിച്ചു. ഖാർകീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. അതേസമയം, റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് ചർച്ച നടക്കുമെന്ന് റഷ്യൻ വാർത്താ ഏജൻസി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബെലാറസ് -പോളണ്ട് അതിർത്തിയിലാണ് ചർച്ച നടക്കുക.
സൈനിക പിൻമാറ്റമാണ് യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വയ്ക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നത്. ആദ്യ റൗണ്ട് ചർച്ച തിങ്കളാഴ്ച നടന്നിരുന്നു. സാമാധാനം നിലനിർത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചർച്ചയ്ക്ക് വേദിയാകുന്ന ബെലാറസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.