ന്യൂഡൽഹി: വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ ‘സൂമി’ൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. ഇതോടെ എല്ലാ ഉപയോക്താക്കളോടും അടിയന്തരമായി ‘സൂം’ അപ്ഡേറ്റ് ചെയ്യാൻ സർക്കാർ നിർദേശിച്ചു. സുരക്ഷാ വീഴ്ച കാരണം ‘സൂം’ മീറ്റിങ്ങിലുള്ളവർ അറിയാതെ പുറത്തു നിന്നുള്ളവർക്ക് മീറ്റിങ്ങിൽ പ്രവേശിക്കാനും ഇടപെടാനും സാധിക്കുമെന്ന് സൈബർ സുരക്ഷാ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) വ്യക്തമാക്കി.
ഹാക്കർമാർക്ക് വിഡിയോയും ശബ്ദവുമുൾപ്പെടെ കൈക്കലാക്കാൻ കഴിയുമെന്നും, മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കാനാകുമെന്നും സി.ഇ.ആർ.ടി-ഇൻ പറയുന്നു. സെപ്റ്റംബർ 13ന് ‘സൂം’ തങ്ങളുടെ ഉപയോക്താക്കൾക്ക് ഇതേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.വിൻഡോസ്, മാക് ഓഎസ്, ലിനക്സ് എന്നിവയിൽ സൂം അപ്ഡേറ്റ് ചെയ്യാൻ സൂം ഡെസ്ക്ടോപ്പ് ക്ലയന്റ് ലോഗ് ഇൻ ചെയ്തു പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ശേഷം ചെക്ക് ഫോർ അപ്ഡേറ്റ്സ് ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ആകുന്നതായിരിക്കും. സൂം ആപ്പ് ഉപയോക്താക്കൾ ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ അപ്ഡേറ്റ് തിരയുക.അതെ സമയം ഒന്നിലധികം പ്രശ്നങ്ങൾ കണ്ടെത്തിയതോടെ വിൻഡോസ് ഉപയോക്താക്കളോടും ഗൂഗ്ൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ സി.ഇ.ആർ.ടി-ഇൻ നിർദേശിച്ചു.