സന്‍ഫ്രാന്‍സിസ്കോ: ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കളെ കുറഞ്ഞതായി മെറ്റാ തലവൻ മാർക്ക് സക്കർബർഗ്. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പാണ് ത്രെഡ്സ്. ഇതൊരു സാധാരണ സ്ഥിതിയാണെന്നാണ് സക്കർബർഗിന്റെ പ്രതികരണം.
പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു.ത്രെഡ് ലോഞ്ച് ചെയ്ത സമയത്ത് അതിന്റെ പരിമിതമായ പ്രവർത്തനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. “പിന്തുടരുന്നത്”, “നിങ്ങൾക്കായി” എന്നീ പ്രത്യേക ഫീഡുകൾ പോലെയുള്ള പുതിയ ഫീച്ചറുകളാണ് മെറ്റാ ചേർത്തിട്ടുള്ളത്. കൂടാതെ പോസ്റ്റുകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ ആകർഷിക്കുന്നതിനായി കൂടുതൽ “റെറ്റൻഷൻ-ഡ്രൈവിംഗ് ഹുക്കുകൾ” ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് പറഞ്ഞു.
ത്രെഡ്സും ഇൻസ്റ്റഗ്രാമും പരസ്പരം കണക്ടടാണ്. ത്രെഡിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളെ സൂചിപ്പിക്കാൻ ഇൻസ്റ്റാഗ്രാമിൽ താൽക്കാലിക “അക്കൗണ്ട് നമ്പറുകൾ” ചേർക്കുന്നുണ്ട്. ഈ നമ്പറുകൾ കാലക്രമത്തിൽ ഉപയോക്താക്കൾക്ക് നൽകും. ത്രെഡിൽ എത്ര ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്തിട്ടുണ്ട് എന്നത് അറിയാനും ഇത് സഹായിക്കും. ട്വിറ്ററിന് സമാനമായ ആപ്പെന്ന് പറയുന്നുണ്ടെങ്കിലും ട്വിറ്ററിലുള്ള പല ഫീച്ചറുകളും ഇവിടെ ലഭ്യമല്ല.സ്വകാര്യ സന്ദേശമയയ്‌ക്കൽ (DM-കൾ), ഹാഷ്ടാഗ് ഉപയോഗിച്ച് സെർച്ച് ചെയ്യുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡിലെ ത്രെഡ്‌സ് ആപ്പിന്റെ ബീറ്റ പതിപ്പ് പരീക്ഷിക്കാനുമാവില്ല.ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ത്രെഡ് ആപ്പ് ഡീലിറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും.
ട്വിറ്റർ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത സ്വീകാര്യതയും മറ്റ് സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തരായ യൂസർ ബേസും ത്രെഡ്സിന് ഇതുവരെ നല്ല രീതിയിൽ സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്നത് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.സക്കർബർഗ് പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു എന്ന പരിഹാസവുമായി ട്വിറ്റർ തലവൻ എലോൺ മസ്ക് രംഗത്തെത്തിയത് ചർച്ചയായിരുന്നു. സക്കർബർഗിനും ഇപ്പോൾ ത്രെഡ്സിനോട് താൽപര്യം കുറഞ്ഞോ എന്നാണ് ഇപ്പോൾ മസ്കുൾപ്പെടെയുള്ളവർ ചോദിച്ചത്.