ന്യൂഡൽഹി∙ കേരളത്തിലെ ഗവർണർ – സർക്കാർ പോരുൾപ്പെടെയുള്ള വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി സംസാരിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നു വിലയിരുത്തി, വിഷയം ദേശീയതലത്തിൽ ചർച്ചയാക്കാനുള്ള കോൺഗ്രസ് – സിപിഎം സംയുക്ത നീക്കത്തിന്റെ ഭാഗമായായിരുന്നു ചർച്ച.
ഭരണഘടനാവിരുദ്ധ നടപടികൾ ഗവർണർ സ്വീകരിച്ചാൽ കോൺഗ്രസ് എതിർക്കുമെന്നു ഖർഗെ അറിയിച്ചു. ഗവർണർമാർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം രൂപപ്പെടണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നതിനു പിന്നാലെയാണ് ഖർഗെയെ യച്ചൂരി വിളിച്ചത്.
ഇതിനിടെ, ഗവർണർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച നിലപാടിൽ ഖർഗെ അതൃപ്തി അറിയിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമണെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.