കുമളി > സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെ(52)യാണ് കുമളി പൊലീസ് അറസ്റ്റ്ചെയ്തത്. നാലുമാസം മുമ്പ് സാമൂഹിക മാധ്യമത്തിലെ ട്രാവൽ ഗ്രൂപ്പിലൂടെയാണ് ഇയാൾ 38കാരിയും ഉന്നത ബിരുദധാരിയുമായ ചെക്ക് റിപ്പബ്ലിക്ക് സ്വദേശിനിയുമായി പരിചയപ്പെടുന്നത്.
സൗഹൃദത്തിലായ ശേഷം ഇയാൾ ഇവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. 12ന് കൊച്ചിയിലെത്തിയ ഇവരെ ചെറായി, ആലപ്പുഴ തുടങ്ങിയയിടങ്ങളിലേക്ക് കൊണ്ടുപോയി. യുവതിയുടെ മുന്നൂറ് പൗണ്ട് (30,000 രൂപ) ഉപയോഗിച്ചായിരുന്നു താമസവും യാത്രകളും. പിന്നീട് കുമളിയിലെത്തിച്ച യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന വിലകൂടിയ മദ്യവും 20,000 രൂപയും ഫോണിലെ സിമ്മും കൈക്കലാക്കി കോയമ്പത്തൂരിലേക്ക് കടന്നു. വിദേശ വനിതയുടെ പരാതിയിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണത്തിൽ തമിഴ്നാട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്.