കൊച്ചി: പത്തനംതിട്ട ശ്രീരക്തകണ്ഠ സ്വാമി ക്ഷേത്രപരിസരം ആർഎസ്‌എസ് പ്രവർത്തകർ കൈയേറി കായികപരീശലനം നടത്തുകയും കൊടിമരവും പതാകയും സ്ഥാപിക്കുകയും ചെയ്‌തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ആർഎസ്‌എസ് ശാഖാപ്രവർത്തനത്തിനായി ക്ഷേത്രപരിസരം കൈയേറിയത് സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന് കാണിച്ചുള്ള ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. ആർഎസ്‌എസുകാർ ദിവസവും വൈകിട്ട് അഞ്ചുമുതൽ 12 വരെ ക്ഷേത്രപരിസരത്ത് ശാഖാപ്രവർത്തനം നടത്തുന്നുണ്ട്. ക്ഷേത്രപരിസരം അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ദേവസ്വം ബോർഡ് നേരത്തേ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഹർജിക്കാർ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. പത്തനംതിട്ട എസ്എച്ച്ഒയ്‌ക്ക് പരാതിയും നൽകി. എന്നാൽ, നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മാസ് ഡ്രില്ലിന്റെ ഭാഗമായി ആർഎസ്‌എസുകാർ മുദ്രാവാക്യം വിളിച്ച് ക്ഷേത്രപരിസരത്തെ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന ഉത്സവം ആർഎസ്എസുകാരുടെ അനധികൃത കൈയേറ്റംമൂലം തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, ആരാധനയ്‌ക്കുള്ള അവകാശം സംരക്ഷിക്കാനും ക്ഷേത്രപരിസരം അനധികൃതമായി ഉപയോഗിക്കുന്നത് തടയാനും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള അധികാരികൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.