കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ അധികൃതര്‍ വ്യാപക പരിശോധന തുടരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് പത്ത് പ്രവാസികളെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടി. മഹ്‍ബുലയില്‍ നടത്തിയ റെയ്ഡിലാണ് വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. ലഹരി പദാര്‍ത്ഥങ്ങളെന്ന് സംശയിക്കപ്പടുന്ന ചില സാധനങ്ങളും ഇവരില്‍ നിന്ന് പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
സമാനമായ സംഭവത്തില്‍ കഴിഞ്ഞ ദിവസം 30 പേരെ അറസ്റ്റ് ചെയ്‍തിരുന്നു. മംഗഫ്, സാല്‍മിയ ഏരിയകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയധികം പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെയും പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനകള്‍ക്ക് എത്തുന്നത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് ഉള്‍പ്പെടെ കുവൈത്തില്‍ പിടിയിലാവുന്ന പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കി കുവൈത്തില്‍ നിന്ന് നാടുകടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റ് വിസകളിലും രാജ്യത്തേക്ക് മടങ്ങി വരുന്നതിന് വിലക്കേര്‍പ്പെടുത്തും.