തിരുവനന്തപുരം : സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം പഴയതുപോലെയാക്കി. തിങ്കളാഴ്ച മുതൽ വൈകീട്ട് 5.30 മുതൽ ഏഴുവരെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകൾ ലഭ്യമാക്കും.
പിറ്റേന്ന് രാവിലെ ആറു മുതൽ 7.30 വരെ വിക്ടേഴ്സിലും എട്ടു മുതൽ 9.30 വരെ വിക്ടേഴ്സ് പ്ലസിലും ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടാകും. രണ്ടാഴ്ചകൊണ്ട് റിവിഷൻ പൂർത്തിയാക്കി മാർച്ച് ആദ്യം മുതൽ ലൈവ് ഫോൺ ഇൻ വഴി സംശയനിവാരണ പരിപാടികൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.
പ്ലസ് വണ്ണിന് രാവിലെ 7.30 മുതൽ ഒൻപതുവരെ മൂന്ന് ക്ലാസുകളുണ്ടാകും. രാവിലെ ഒൻപത് മുതൽ 11 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയുമായി ആറ് ക്ലാസുകളാണ് പ്ലസ്ടു വിഭാഗത്തിന്. ഇതിന്റെ പുനഃസംപ്രേഷണം രാത്രി 8.30 മുതൽ 11.30 വരെയുണ്ടാകും. ഈ മാസം 21ന് ഇവർക്കുള്ള റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും തയ്യാറാക്കും. പ്രീപ്രൈമറി ക്ലാസുകൾ രാവിലെ 11-നും ഒൻപതാം ക്ലാസ് രാവിലെ 11.30 മുതൽ 12.30 വരെയും ആയിരിക്കും. എട്ടാം ക്ലാസ് ഉച്ചയ്ക്ക് 1.30നാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഉച്ചയ്ക്ക് രണ്ട്, 2.30, മൂന്ന്, 3.30, നാല്, 4.30, അഞ്ച് എന്ന ക്രമത്തിലും സംപ്രേഷണം ചെയ്യും.