തൃശ്ശൂര്‍ : 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) കമ്പനിയുടെ ഡയറക്ടറെ കേരള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആറാട്ടുപുഴ നെരുവിശ്ശേരി ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസനെയാണ് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിനായിരുന്നു അറസ്റ്റ്. മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതാപനെതിരെ വേറെയും നിരവധി കേസുകളുണ്ട്. മണിചെയിന്‍ മാതൃകയിൽ 10000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഇയാൾക്കെതിരെ നേരത്തെ ഉയർന്നിരുന്നു.
ഹൈറിച്ച് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് പണം തട്ടിയ കേസിൽ പ്രതാപനും ഭാര്യക്കുമെതിരെ വയനാട് സുൽത്താൻ ബത്തേരി പോലീസ് ചാർജ് ചെയ്തതടക്കം നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു തട്ടിക്കൂട്ട് കമ്പനി വഴി മണിച്ചെയിൻ തട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ട ഇയാൾ ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്താണ് ഹൈറിച്ച് എന്ന സ്ഥാപനം വഴി പുതിയ തട്ടിപ്പിനിറങ്ങിയിരിക്കുന്നത്. ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനം കൂടിയാണ്. വലിയ രാഷ്ട്രീയ സ്വാധീനവും ഉന്നത ബന്ധങ്ങളുമാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇയാൾക്ക് പിൻബലം. ഇതിനിടയിലാണ് ഇയാൾ ജി എസ് ടി ഇന്റലിജൻസിന്റെ പിടിയിലാകുന്നത്. സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗം കാസർകോട് സീനിയർ ഇന്റലിജൻസ് ഓഫീസർ രമേശൻ കോളിക്കരയുമായി ബന്ധപ്പെട്ടപ്പോളാണ് പ്രതാപന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.
എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഇവിടെ പ്രതാപന്റെ അറസ്റ്റിനെക്കുറിച്ച് ജിഎസ്ടി വകുപ്പ് ഇതുവരെ വാർത്തകൾ പുറത്തു വിടാത്തത് വിചിത്രമാണ്. സാധാരണയായി 5 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കേസുകളിൽ GST വകുപ്പ് പത്രപ്രസ്താവനകൾ ഉടനടി പുറപ്പെടുവിക്കാറുണ്ട്. എന്തെങ്കിലും മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ട സാഹചര്യമാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മാത്രമല്ല സർക്കാരിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പാർട്ടി ചാനലുമായും ഇയാൾക്ക് വലിയ ബന്ധമുണ്ടെന്നാണ് വിവരം. ഇത്തരം സ്വാധീനങ്ങളുപയോഗിച്ചാണ് ഇവർ ഹൈറിച്ച് എന്ന സ്ഥാപനം വഴി മണിചെയിന്‍ തട്ടിപ്പുകളും മറ്റും നടത്തുന്നതും. ഇപ്പോഴത്തെ അറസ്റ്റ് വിവരം മൂടിവയ്ക്കപ്പെട്ടതിന് പിന്നിലും വമ്പൻ രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജിഎസ്ടി വെട്ടിപ്പ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മൂടിവെച്ചെന്നും 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും നവംബർ 30 ന് തൃശ്ശൂരിലെ ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കേരള ജിഎസ്ടി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ റെയ്ഡ് കഴിഞ്ഞയുടനെ നവംബർ 24, 27 തീയതികളിൽ യഥാക്രമം 1.5 കോടിയും 50 കോടിയും കമ്പനി ജിഎസ്ടി അടച്ചിരുന്നു. കേരള ജിഎസ്ടിയും സ്ഥാപനത്തിന് 15% പിഴ ചുമത്തിയിട്ടുണ്ട്. ബാലൻസ് 75 കോടിയിലധികം രൂപയുടെ ബാധ്യത തീർപ്പാക്കാനിരിക്കെയാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനമുണ്ടെന്നും വിറ്റുവരവ് കൂടുതലാകാൻ സാധ്യതയുണ്ടെന്നുമാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിർദ്ദേശത്തോടെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. കമ്പനിയുടെ ഡയറക്ടർമാർ കുറ്റം സമ്മതിച്ചതായാണ് വിവരം. കേരള ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് എംഎൽഎം മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പ്. അതിനിടെ കേസ് കണ്ടെത്തിയതിന് ശേഷം കേരള ജിഎസ്ടി ആരംഭിച്ച നടപടികൾ വകുപ്പിനുള്ളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. “സാധാരണയായി, പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള തുടർ ഇടപാടുകൾ തടയുന്നതിനായി കമ്പനിയുടെയും പ്രതികളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാറുണ്ട്. ഇവിടെ നവംബർ 24 ന് കേസ് കണ്ടെത്തിയെങ്കിലും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല,”എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു